അണ്ടര്‍ 19 ലോകകപ്പ് - പാകിസ്താനെ തകർത്ത് ഇന്ത്യ ഫൈനലിൽ | Oneindia Malayalam

2018-01-30 142

ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ വമ്പന്‍ ജയത്തോടെ ഇന്ത്യ ഫൈനലില്‍. ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യ രണ്ടാം സെമിയില്‍ ചിരവൈരികളായ പാകിസ്താനെ 203 റണ്‍സിനു നാണംകെടുത്തുകയായിരുന്നു. ഒരു ചെറുത്തുനില്‍പ്പുമില്ലാതെയാണ് പാകിസ്താന്‍ ഇന്ത്യക്കു മുന്നില്‍ കീഴടങ്ങിയത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും പാകിസ്താനെ ഇന്ത്യ നിഷ്പ്രഭരാക്കുകയായിരുന്നു. 100 റണ്‍സ് പോലും നേടാനാവാതെയാണ് പാകിസ്താന്റെ ഇന്നിങ്‌സ് അവസാനിച്ചത്. ടൂര്‍ണമെന്റിന്റെ തന്നെ കണ്ടെത്തലായി മാറിയ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെ മികവില്‍ ആദ്യം ബാറ്റ് വീശിയ ഇന്ത്യ ഒമ്പതു വിക്കറ്റിന് 272 റണ്‍സാണ് നേടിയത്. മറുപടിയില്‍ ബൗളര്‍മാര്‍ കത്തിക്കയറിയപ്പോള്‍ പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്ര തന്നെ കണ്ടു. വെറും 69 റണ്‍സിന് പാകിസ്താന്റെ ഇന്നിങ്‌സ് അവസാനിച്ചു.ശുഭ്മാന്‍ ഗില്ലിന്റെ (102*) അപരാജിത സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ വിജയിക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്.